അരുവിത്തുറ: മാനവരാശിയുടെ സമൂല മാറ്റത്തിന് ക്വാണ്ടം ബലതന്ത്രം കാരണമാകുമെന്നും മനുഷ്യ മസ്തിഷ്കത്തിൽ നടക്കുന്ന ചിന്ത എന്ന പ്രതിഭാസം പോലും ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാകുമെന്നും ഡോ. വി.പി.എൻ. നമ്പൂരി പറഞ്ഞു.
ക്വാണ്ടം ബലതന്ത്ര സിദ്ധാന്തത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിസിറ്റിംഗ് പ്രഫസറും പ്രശസ്ത ഭൗതിക ശാസത്രജ്ഞനുമായ വി.പി.എൻ. നമ്പൂരി.
ശില്പശാലയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്ക്കാട്ട് ആശംസകൾ നേർന്നു.
അധ്യാപകരായ ഡോ. സന്തോഷ് കുമാർ, ഡോ. സുമേഷ് ജോർജ്, ബിറ്റി ജോസഫ്, നിഷ ജോസഫ്, ഡാനാ ജോസ് എന്നിവരും പങ്കെടുത്തു. വിവിധ കലാലയങ്ങളിൽ നിന്നായി നൂറിൽപരം വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്.